2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

30/08/11 
സൂഫി പറഞ്ഞ കഥ- കെ പി രാമനുണ്ണി 


നേരിന്‍റെയും യുക്തിയുടേയും ചതുരങ്ങളില്‍ മനം മടുത്ത ഞങ്ങള്‍ നാട്ടുക്കാര്‍ക്ക് കടപ്പുറത്ത് ജാറം പൊങ്ങിയത് വലിയ സന്തോഷമായി. അന്ധവിശ്വാസമെന്കില്‍ അന്ധവിശ്വാസം  തന്നെ .യാഥാര്‍ത്ഥ്യത്തിന്‍റെ പരുപരുപ്പുകളില്‍ മാത്രം വിശ്വസിക്കാന്‍ പഠിച്ചിട്ടു എന്തു നേടി.? കാല്‍പനികതയുടെ തുരുത്തുകളെല്ലാം കിളച്ചുമൂടി നാടാകെ ശുഷ്കമായിരിക്കുന്നു.
വെളിച്ചെണ്ണഗന്ധവും ചന്ദനത്തിരി ധൂമവും ഇടക്കലര്‍ന്ന  അന്തരീക്ഷവുമായിരുന്നു ജാറത്തിന്നകത്ത്.ദൂരെ ഒതുങ്ങിനിന്ന താടിക്കാരന്‍ മുന്നോട്ടുവന്നു എന്‍റെ വിരല്‍തുമ്പു പിടിച്ചു  ഖബറില്‍ തൊടുവിക്കുകയും എന്നെ മറ്റൊരു വഴിക്കു നടത്തിക്കുകയും ചെയ്തു. ഇതു നാട്ടില്‍ വരുന്ന മുന്നാമത്തെ ബീവിയാ ,ആദ്യത്തെ ബീവി വന്നത് മോന്‍റെ സമുദായത്തില്‍ നിന്നാ. കേട്ടിട്ടുണ്ടോ അസ്തമിച്ച മേലേപുല്ലാര തറവാടിനെ പറ്റി.
 
മഞ്ഞുമുറ്റിയ ആകാശ നീലിമയിലേക്ക് എട്ടുകെട്ടിന്‍റെ മേല്‍കൂരകള്‍ കൈകൂപ്പി നില്‍ക്കുന്നു, അര്‍ദ്ധരാത്രിയെ പ്രകോപിപ്പിക്കുമാറു ഒരു നവജാതശിശുവിന്‍റെ കരച്ചില്‍ . ഗ്രഹനില ഉറപ്പിച്ചു ഫലഭാഗം ചിന്തിച്ചു നോക്കാന്‍ ശങ്കുമേനോന് ധൈര്യം കിട്ടിയില്ല. ഗ്രഹങ്ങള്‍ എന്തുകൊണ്ടു ഇത്തരത്തില്‍ എല്ലാം വന്നു നില്‍ക്കുന്നു,? അതും മേലേപുല്ലാരതറവാട്ടിലെ അരുമപുത്രിയെ തന്നെ ലാക്കാക്കികൊണ്ട് ? തന്‍റെ മുലക്കണ്ണുകള്‍ ഈമ്പി ,അനുനിമിഷം വളരുന്ന കുഞ്ഞിനെ ശ്രദ്ധിച്ച് അമ്മാളു പിറകോട്ട് ചിന്തിച്ചു.
 

ഇടവപ്പാതിയായി  ,കൊടും കാറ്റായി .തിരുവാതിര ഞാറ്റുവേലയായി തന്നെ നനച്ചു നിറച്ച് ഒടുവില്‍ ആ ദീക്ഷാധാരി നിഴല്‍ പോലെ പിളര്‍ന്നുമാറി യാത്ര പറയുന്നു.മടക്കവിളി വിളിക്കരുതെന്ന്ു മുന്നറിയിപ്പ് തന്നിരുന്നു.ദേശാടനത്തിനാണെന്നും പറ‍‍ഞ്ഞിരുന്നു.
 
ഗ്രഹയോഗങ്ങളുടെ മറ്റൊരു ആകസ്മികതയില്‍ ആയിരുന്നു മേലേപുല്ലാര തറവാടിന്‍െയും ജന്മം.ഗ്രഹങ്ങളുടെ അടവും ചതിയും ഗ്രാഹ്യമുള്ള മഹാപണ്ഡിതനായ ബ്രാഹ്മണന്‍ ഭ്രഷ്ഠിനുള്ള യോഗം വായിച്ചറിഞ്ഞു.ഗണിച്ചെടുത്ത  മുഹൂര്‍ത്തത്തിന് മുന്‍പേ ഇല്ലത്തുനിന്നിറങ്ങി  തിരിച്ചു.കരിധൂമങ്ങള്‍ വഴിഞ്ഞു കത്തുന്ന ശോണപ്രകാശം കരുവാന്‍റെ ആലയിലെ പാട്ടവിളക്കായിരുന്നു.മൂത്രമൊഴിച്ചുവരുന്പോള്‍ കരുവാനെ ഒരു കരിനിഴലായി ഉമ്മറത്തു കണ്ടാല്‍ പിന്നെ കരുവാത്തി അകത്തുപോകാറില്ല,അവിടെ തന്നെ കരുവാനേയും കെട്ടിപിടിച്ച് കിടക്കാറാണ് പതിവ്. 
പ്രസവിക്കാന്‍ മുട്ടുന്നതായി സ്വപ്നം കണ്ട കരുവാത്തി എഴുന്നേറ്റു മൂത്രമൊഴ ിച്ചുവരുന്പോള്‍ കോലായിയില്‍ പതിവുപോലെ പുരുഷന്‍ കിടക്കുന്നു.കെട്ടിപിടിച്ചു അടുത്തുതന്നെ കിടന്നു.പരവശയായ കറുത്ത നിളയെ ആകാശഗംഗ കൈനീട്ടി വാങ്ങുന്ന ചിത്രമായിരുന്നു ബ്രാഹ്മണന്‍റെ മനസ്സുനിറയെ.”വ്യഥപ്പെടേണ്ട ,മഹായോഗ്യനായ ഒരു പുത്രന്‍ നിനക്കു ജനിക്കും" ഇത്രമാത്രം പറഞ്ഞു ആ ദീര്‍ഘകായന്‍ ആ രാത്രിതന്നെ നടന്നകന്നു.
 
പ്രസവവേദന തോന്നിയതും അവള്‍ ആരേയും കാക്കാതെ പെറ്റു.ഒളിവെട്ടുന്ന സ്വര്‍ണ്ണവിഗ്രഹം !സ്വര്‍ണ്ണം കണ്ട കരുവാന്‍ മുഖം കറുപ്പിച്ചുപിന്‍മാറി.അവന്‍ വളര്‍ന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ എത്തിപ്പെട്ട പഴയ മഹാബ്രാഹ്മണന്‍റെ മുന്നില്‍ തേജസ്വിയ്ായ ഒരു യുവാവ്.പച്ചയിരുന്പിന്‍റെ ഗന്ധം ഉയരുന്നു, “ഇനി നീ അക്കര കടക്കരുത് ” ആലയിലെ ചെക്കനെ ഉന്നതകുലജാതനായി സാമൂതിരിക്ക് പരിചയപ്പെടുത്തി. പുതിയ ഒരു ജന്മിയുടെ ഉദയം !
 
എടുത്തുവെച്ച പോലെയുള്ള വളര്‍ച്ചയായിരുന്നു കാര്‍ത്തിയുടേത്,കോളറ വീശി ശങ്കുമേനോന്‍റെ നാലു അനുജന്‍മാര്‍ ഒന്നിനു പുറകേ ഒന്നായി മരിച്ചു വീണു.
     
നേരം വളരെ കഴിഞ്ഞിട്ടും കാര്‍ത്തി കുളക്കടവില്‍ നിന്നും മടങ്ങിയെത്തിയില്ല. പാറികളിക്കുന്ന ചിത്രശലഭങ്ങള്‍ കാര്‍ത്തിയെ പൊതിഞ്ഞിരിക്കുന്ന കാഴ്ചയാണ് അമ്മാളു കുളക്കടവില്‍ കണ്ടത്. മകള്‍ രജസ്വലയാവുകയെന്ന സാധാരണ സംഭവമാണു നടന്നതെങ്കിലും ദൃശ്യത്തിന്‍റെ തീക്ഷ്ണ സൗന്ദര്യം അമ്മാളുവിനെ വാട്ടികളഞ്ഞിരുന്നു.
 
വെരിയോള വൈറസുകള്‍ !  ഒന്നാം തരം വസൂരി !
 
നില്‍ക്കക്കള്ളിയില്ലാതെ അമ്മാളുവിന്‍റെ അമ്മയുടെ ജീവന്‍ ഒടുവില്‍ ചിറകടിച്ചു പുറത്തേക്കു പോയി. കണ്ണുകള്‍ മുറുകെ ചിമ്മി ശങ്കുമേനോന്‍ കേണു. മച്ചിലമ്മേ !!
 
മിഴികള്‍ തുറന്നപ്പോള്‍ കാര്‍ത്തിയുടെ സാന്നിധ്യം.! മാറോടു ചേര്‍ത്തു അവള്‍ തഴുകിയപ്പോള്‍ അവളില്‍ അമ്മയെ അനുഭവിക്കുകയായിരുന്നു അയാള്‍.
അപ്പോഴേക്കും എത്തി അടുത്ത ഭീഷണി.. കാണഭൂമിയുടെ പൊളിച്ചെഴുത്ത് ..
 
മോളെ അവര്‍ വരുമ്പോള്‍ നിന്നെ കാണേണ്ട, മച്ചിലോ മറ്റോ കയറിയിരുന്നോ "  കാണനിശ്ചയത്തിനു കയറി ഇറങ്ങുന്ന തഹസില്‍ദാരും പരിഷകളും മച്ചിലും കയറിയായി പരിശോധന.
മച്ചിന്‍റെ വാതില്‍ തള്ളിതുറന്നതും ...ഒറ്റചിരാതില്‍ വഴിഞ്ഞുകത്തുന്ന തിരിയുടെ ചെമപ്പില്‍ കാര്‍ത്തിയാകെ ദ്രവിച്ചുനില്‍ക്കുന്നു.
 
ആരാണത് ? ശങ്കുമേനോന്‍ മറുചോദ്യമായി ചോദിച്ചു,മച്ചില്‍ ആരാണ് ഉണ്ടാവുക? തറവാടുമച്ചില്‍ ഉണ്ടായ കാര്യം നാടാകെ പരന്നു.മച്ചിലമ്മക്കു വിളക്കു വെക്കാന്‍ എണ്ണയും തിരിയും തറവാടിലേക്കു അയച്ചുകൊടുത്തു.വേലായുധന്‍ നായരാണു പറഞ്ഞത്. പൊന്നാനിയില്‍ നിന്നൊരു മാപ്പിള അടക്കയും തേങ്ങയും വാങ്ങാന്‍ നാട്ടിലെത്തിയിരിക്കുന്നു.ശങ്കുമേനോന്‍ സന്തോഷിച്ചു.കളത്തിലും തട്ടിലും അടക്കയും തേങ്ങയും  കുമിഞ്ഞിരിക്കുന്നു,
 
ഒന്നരയാള്‍ പൊക്കത്തിലുള്ള പീതാന്‍ മാമുട്ടി ചിരിച്ചപ്പോള്‍ പൊന്നാനി കടപ്പുറത്ത കടലിരമ്പി.സംഭാരവുമായി വന്ന കാര്‍ത്തിയെ ചങ്ങലക്കിട്ട ശക്തിപ്രഹര്‍ഷം പോലെ മാമുട്ടി നോക്കിപ്പോയി.തന്‍റെ കണ്ണുകളിലേക്കും ശരീരത്തിലേക്കും ഒരാള്‍ ഇത്ര അനാവ്രതമായി നോക്കുന്നത് കാര്‍ത്തി ആദ്യമായി അനുഭവിക്കുകയാണ്.മാമുട്ടിയേയും തേടിയുള്ള അവളുടെ യാത്ര പതിവായി.അമ്മയും അമ്മാവനും അറിയുന്നുവെന്നത് ഒരു കുറ്റബോധവും അവളില്‍ ഉണ്ടാക്കിയില്ല,
മാമുട്ടി ശങ്കുമേനോനോടു പറഞ്ഞു. പൊന്നാനിക്കു മടങ്ങുകയാണ്.അന്നു രാത്രി ശങ്കുമേനോന്‍ ഉറങ്ങിയില്ല, മാമുട്ടിയുടെ നിഴല്‍ കാര്‍ത്തിയെ ആവാഹിച്ചു, പടിപ്പുര കടക്കുന്ന കാര്‍ത്തിയുടെ സമീപത്ത് ശങ്കുമേനോന്‍ എത്തി, നീ പോകയാണോ ? കാര്‍ത്തിയും മാമുട്ടിയും നടന്നകന്നു,
 
മാമുട്ടി എന്നും പൊന്നാനിയിലെ നാട്ടുകാര്‍ക്ക് നല്ലവനും വിശ്വസ്തനും ആയിരുന്നു. മാണിക്യം പോലുള്ള സ്ത്രീത്വത്തേയും വഹിച്ചു പുഴ കടന്നെത്തിയ തന്നെ സ്വീകരിക്കുന്നത് നാടിന്‍റെ ശത്രുത്വമാണോ ? എല്ലാവരിലും തികഞ്ഞ അപരിചിതത്വം. പറയൂ ബീരാനേ നിനക്കു എന്നെ അറിയുമോ ? ഭ്രാതാവും സ്നേഹിതനും ഒരുവനില്‍ സന്ധിച്ച ബീരാന്‍ പറ‍ഞ്ഞു .നിങ്ങളെ അറിയാത്ത ബീരാനുണ്ടോ - കാര്‍ത്തിയെ ഖലിമ ചൊല്ലിച്ചു കുപ്പായമിടുവിക്കുന്ന കാര്യം മാമുട്ടി വാക്കുറപ്പിച്ചു പോയി.
 
ചാവക്കാട്ടെ കാര്യം തീര്‍ക്കാന്‍ മാമുട്ടിയേയും കൂട്ടിപോകാനാണ് അബ്ദുറഹ്മാന്‍ വന്നത്. അങ്ങിനെ മാമുട്ടി ഇല്ലാത്ത ആദ്യ ദിവസം കാര്‍ത്തി ഉറങ്ങിതീര്‍ത്തു.അവള്‍ വീണ്ടും മേലെപുല്ലാരതറവാട്ടിലെ കാര്‍ത്തിയായി മാറി. സ്മൃതികള്‍ ! നിഴല്‍ പോലെ മറ്റൊരു വ്യക്തിത്വം തനിക്കകത്ത് വിഘടിച്ചുമാറുന്നത് കാര്‍ത്തി അറിഞ്ഞു. മുസ്ല്യാരകം പറമ്പിലെ ചെടിപടര്‍പ്പുകളിലൂടെ കാര്‍ത്തി നടക്കുകയായിരുന്നു. എന്തോ ചവുട്ടി. മണ്‍പുറ്റുകള്‍ മൂടികിടക്കുന്നൊരു കരിങ്കല്‍ വിഗ്രഹം. കാളീ വിഗ്രഹവുമായി അവള്‍ മാപ്പിള സൗധത്തിലേക്കു കയറിചെന്നു.പതിവായി പെരുമാറുന്ന പത്തായത്തിന്നകത്തു നിന്നാണ് മണ്‍കുടവും നാഗരൂപങ്ങളും കണ്ടെടുത്തത്. ഈ സാധനങ്ങളെല്ലാം എങ്ങിനെ ഇവിടെ വന്നു.?
 
മാമുട്ടി കവാട സ്തംഭങ്ങള്‍ കടന്നുവന്നു. നിനക്ക് പലതും കൊണ്ടുവന്നിട്ടുണ്ട്.പുതുപുത്തന്‍ കാശു മാലയും സ്വര്‍ണ്ണമാലയും...അവള്‍ ചോദിച്ചു. തറവാടില്‍ ഇല്ലാത്തതിനല്ലേ ഞാന്‍ ഇറങ്ങിതിരിച്ചത്,. -ഇനിയും എന്തെങ്കിലും ...? - ആത്മാവിലണിയാനുള്ള തന്‍റെ ദൈവങ്ങള്‍ എവിടെ? ഭഗവതി- അവള്‍ കേണു.
 
അവറുമുസ്ല്യാര്‍ ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടികള്‍ ചോദിച്ചു. നിങ്ങ കൊച്ചുണ്ണിതമ്പുരാനാനാ ? പിന്നെ എന്തിനാ തമ്പുരാനെന്നു പറ‍ഞ്ഞ് ഉറക്കത്തില്‍ നടന്നത്.?
 
മാമുട്ടി പുതിയ ബീടര്‍ക്ക് വീടിന്‍റെ തൊടിയില്‍ കാളീകോവില്‍ ഉണ്ടാക്കിയതറിഞ്ഞ് ഹാലിളകി ചോദിക്കാന്‍ ചെന്നതായിരുന്നു അവറുമുസ്ല്യാര്‍ .പൊളിക്കടാ നായിന്‍റെ മോനെ. ഇല്ലെങ്കില്‍ എല്ലാം തുപ്പിയെറിയും..- തുപ്പിയാല്‍ നിങ്ങളുടെ മുഖം അളിയും.തന്ത ഇല്ലാത്തവനാവും. ഒടുവില്‍ മാമുട്ടി തട്ടികയറി.മാര്‍ഗം കൂടിയതിന് ശേഷവും കാളീ ഭക്തനായി നടന്ന കൊച്ചുണ്ണിതമ്പുരാന്‍റെ കഥ മുസ്ല്യാരൂടെ ബോധത്തിലെവിടെയോ പറ്റി പിടിച്ചിരുന്നു. കൊച്ചുണ്ണിതമ്പുരാന്‍റെ അമ്മ സൂക്ഷിച്ച വിഗ്രഹങ്ങളും ചെറുമകന്‍ വീടിന്‍റെ പിന്നാമ്പുറത്തെറിഞ്ഞു.
 
ടിപ്പു നാടുപിടിച്ചെടുത്തതും ഭൂരിപക്ഷം ബ്രാഹ്മണരും ഇസ്ലാമായി കഴിഞ്ഞിരുന്നു.
 
മുസ്ല്യാരുടെ ശരീരം കൊച്ചുണ്ണി തമ്പ്രാന്‍ കയ്യടക്കികൊണ്ടിരുന്നു.മുസ്ള്യാരുടെ രാത്രി നടത്തവും ചെയ്തികളും പുറത്തറിയാന്‍ തുടങ്ങി. കൊടുവാള്‍ കൊണ്ട് ക്ഷതമേറ്റു അവശനായ മുസ്ല്യാര്‍ അകത്തളങ്ങളില്‍  ഉയര്‍ന്ന കൂട്ടക്കരച്ചില്‍ കേട്ടാണ് സുബോധത്തിലേക്ക് ഉണര്‍ന്നത്.
 
 
       .ബീടര്‍ക്കു വേണ്ടി വിഗ്രഹം സ്ഥാപിച്ചതു എളുപ്പം കഴിച്ചിലാവുന്ന പ്രശ്നമല്ലെന്നു മാമുട്ടിക്കറിയാം. കേട്ടും കേള്‍പ്പിച്ചും ഒരു സെയ്തു മൊല്ലാക്ക ചാവക്കാട് നിന്നൊടുവില്‍ വിവരം തേടിയെത്തി. "എന്താ നിങ്ങളൊന്നും മിണ്ടാത്തേ ? അവന്‍റെ അമ്പലം പൊളിക്കാന്‍ ആളുണ്ടോ ? " നാട്ടുക്കാര്‍ക്കു നടുവിലെ ഒററപ്പെടല്‍ അയാളെ സംഭീതനാക്കി.
 
       സ്വന്തം നാട്ടുക്കാരുമായി മുണ്ടിപറഞ്ഞ കാലം മാമുട്ടി മറന്നുപോയി. ബീരാനേയും കുറച്ചുനാളായി കണ്ടുകിട്ടുന്നില്ല.എല്ലാവരും ഇടയട്ടെ. ഒരു നാള്‍ ഇവരെല്ലാം തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു തിരിച്ചുവരും.
അന്നത്തെ പണിയെല്ലാം കഴിഞ്ഞെങ്കിലും മനസ്സിന്‍റെ എന്തോ ഉള്‍പ്പിടുത്തങ്ങള്‍ അവനെ പാണ്ട്യാല കളത്തില്‍ തന്നെ തളച്ചു നിര്‍ത്തുകയായിരുന്നു. ചായ്പില്‍ പിടിച്ചിരുന്ന അഗ്നിയുടെ കതിരുകള്‍ വിളഞ്ഞു പൊഴിയുകയായിരുന്നു. തട്ടിപിടഞ്ഞു ചാടിയെഴുന്നേറ്റ മാമുട്ടി കത്തുന്ന കഴുക്കോലുകളാണ് കണ്ടത്, എത്ര ചിന്തിച്ചിട്ടും പണ്ടാല ചായ്പില്‍ തീ പടരാനുള്ള സാധ്യതകള്‍ അവനു പുലര്‍ന്നില്ല.
 
മറ്റൊരു ദിവസം അര്‍ധരാത്രിയില്‍ മുസ്ല്യാരകം വീടിന്‍റെ അടുക്കള ഭാഗത്ത് തീ പടര്‍ന്നു. അഗ്നിയുടെ മുറുമുറുപ്പ് കേട്ട് ചാടിയെഴുന്നേറ്റ മാമുട്ടിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു,അഗ്നിക്കു പുറകില്‍ ശത്രുവിന്‍റെ പല്ലും നഖവും ഒളിഞ്ഞിരിപ്പുണ്ടെന്ന്.അടുക്കളയില്‍ പതുങ്ങിയെത്തിയ മാമുട്ടി നോക്കിയപ്പോ        ള്‍ കാര്‍ത്തിയതോ സ്റ്റൂളില്‍ കയറി കഴുക്കോലിലെ തീ അണക്കുന്നു."കെടാത്ത അടുപ്പില്‍ നിന്നും തീ പിടിച്ചതായിരിക്കണം.         പകയുടെ അഗ്നിയെ അവള്‍ മത്താപ്പൂ വെളിച്ചം പോലെ ഊതി കെടുത്തി.
 
ചാവക്കാട്ടേക്കു പോയ സെയ്തു മൊല്ലാക്ക തിരിച്ചുവരികയാണ്, അയാള്‍ ഒറ്റക്കല്ല, നിസ്ക്കാരം കഴിഞ്ഞ് പള്ളിവളപ്പില്‍  നിന്നു മടങ്ങുമ്പോള്‍  കയര്‍കുരുക്ക് പോലെയുള്ള വാക്കുകള്‍ മാമുട്ടിയെ വരിഞ്ഞുനിര്‍ത്തി. " ഈ നായിക്കെന്തിനാ പള്ളി ? " ആരാണ് എന്താണ് എന്നൊന്നും മാമുട്ടി കണ്ടില്ല. അശ്വങ്ങളായി മുഷ്ടികള്‍  എത്ര പറന്നിട്ടും അവന്‍റെ കൈതരിപ്പ് ശമിച്ചില്ല. പിന്നീടുള്ള ദിവസങ്ങള്‍ സെയ്തു മൊല്ല തീ പിടിച്ച രാക്ഷസനെ പോലെയായി.
 
മാമുട്ടിയുടെ പുരികങ്ങള്‍ക്കിടയില്‍ ത്രിശൂലാകൃതിയിലുള്ള മൂന്ന് രേഖകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാറ്റിനും പുറമെ ഇരുപത്തിയെട്ടാം പക്കം ചുകപ്പുമെടുത്തു മുന്നില്‍ വന്നു നില്‍ക്കുന്ന ബീടര്‍, വീണ്ടും വീണ്ടും ചുകപ്പുപുഷ്പങ്ങള്‍ ഫലമുറക്കാതെ പൊഴിഞ്ഞുകൊണ്ടിരുന്നു. മാതൃത്വത്തിന്‍റെ സ്തന്യമാണ് അവളുടെ ശരീരത്തില്‍ മാമുട്ടി കണ്ടത് . അവന്‍ വിരണ്ടു ബലഹീനനായി മാറി കമിഴ്ന്നുകിടന്നു.കാര്‍ത്തിയുടെ ഒറ്റമൂലി പ്രയോഗങ്ങള്‍ ആയിഷയില്‍ നിന്നും അടുത്ത വീടുകളിലേക്ക് ഒഴുകാന്‍ തുടങ്ങി. പല വ്യാധികള്‍ക്കുമുള്ള പരിഹാരം തേടി രഹസ്യമായി അവര്‍ മുസ്ല്യാരകം വീട്ടിലേക്കാ ആളെചൊല്ലി അയച്ചു. ആയിഷയുടെ കെട്ടിയോന്‍റെ വീട്ടില്‍ നിന്നും വരാറുള്ള ആമീറിനെ മാമുട്ടി കാണാറുണ്ട്. മറ്റൊരു പ്രത്യേകതയും ഇത്രകാലം തോന്നിയിട്ടില്ല. അമീറിനെ പക്ഷെ ഇത്തവണ വീട്ടില്‍ വന്നപ്പോള്‍ പോകാന്‍ അനുവദിച്ചില്ല.വാ അമീറേ പൂഴിയില്‍ നടന്നിട്ട് വരാം " അമീറിന്‍റെ ചുണ്ടിലും കവിളിലും സ്ത്രൈണമായൊരു മിനുമിനുപ്പ് മാമുട്ടി കണ്ടെടുത്തു. ഒന്നും അറിയാത്ത പോലെ കടലിന്‍റെ വിദൂരതയില്‍ കണ്ണും നട്ടിരിക്കുന്ന അമീറിന്‍റെ ചുണ്ടിലും കവിളിലും മാമുട്ടിയുടെ മുഖം തേടി നടന്നു. പ്രേമത്തിന്‍റെ ഊഷ്മാവുകൊണ്ട് മാമുട്ടിയെ ചൂടുപിടിപ്പിക്കാന്‍ കാര്‍ത്തി ആവതും ശ്രമിച്ചു,സാധിക്കുന്നില്ല. 


മേലേപുല്ലാരപറമ്പു മുഴുവന്‍ ചടുലസമാനമായ ഒരു വഹ്നി ബാധിച്ചിരുന്നു. ശങ്കുമേനോന്‍ മച്ചിലെ നിലവറ തുറന്ന് ഭഗവതിക്കുമുന്നില്‍ അവസാനമായി സാഷ്ടാംഗം പ്രണമിച്ചു. ഉടുമിണ്ടുമാത്രമുടുത്ത് എല്ലാറ്റിനോടും യാത്രാവചനം ചൊല്ലി അയാള്‍ പടിപ്പുര കടന്നു. മുസ്ള്യാരകം വീടിന്‍റെ കവാടം കടന്നു കാഷായ വസ്ത്രധാരി പ്രവേശിക്കുന്നു, ' ശങ്കുവമ്മാവന്‍ ": കാര്‍ത്തിയുടെ നെറുകയില്‍ കരതലങ്ങള്‍ പടര്‍ത്തി ശങ്കുമേനോന്‍ ഉഴിഞ്ഞുകൊണ്ടിരുന്നു.കാര്‍ത്തിയൊരു ജലപ്രവാഹമായി.
 
തറവാടിനെ കുറിച്ചുള്ള കാര്‍ത്തിയുടെ അന്വേഷണങ്ങള്‍ക്കിടെ അയാളുടെ കണ്ണുകളില്‍ ഒരു ചലച്ചിത്രം തെളിഞ്ഞുവന്നു. പട്ടക്കാരും പണിക്കാരുമായി ഒരു പാട് ആളുകള്‍ മേലേപ്പുര തറവാട്ടില്‍ അന്തിച്ചുനില്‍ക്കുന്നു.
ശങ്കുമേനോന്‍ പറഞ്ഞു, "ഇന്നു മുതല്‍ തറവാട്ടിലേക്കു പാട്ടം കൊണ്ടുവരേണ്ട,ഭൂമി നിങ്ങളുടേതാണ്."വിടവാങ്ങുമ്പോള്‍ കാര്‍ത്തിക്കു കഥനമുണ്ടന്ന അറിവ് ശങ്കുമേനോന് ദു:ഖമുള്ള ഒരു തരം തൃപ്തിയാണ് ഉണ്ടാതക്കിയത്.രണ്ടുദിവസം കഴിഞ്ഞു മടങ്ങിവരാമെന്ന് പറഞ്ഞു വീട്ടില്‍ പോയ അമീറിനെ മൂന്നാം ദിവസവും കാണാനില്ല. അമീറിനോടുള്ള ആകര്‍ഷണം മാമുട്ടി അറിയുകയായിരുന്നു.മേഘക്കീറുകള്‍ അലങ്കോലമായ ആകാശത്ത് നിന്നും പാട കെട്ടിയ കണ്ണുകളോടെ പ്രഭാതം വന്നു. കൂടെ അമീറും.രാത്രിയുടെ കരിനിഴലുകള്‍  പേറിക്കൊണ്ട് ബീരാനും വീട്ടില്‍ കയറി, “കൊച്ചി നാട്ടീന്നുള്ള സായിവ് ചരക്കുമായി വന്നിട്ടുണ്ട് . കാണണമെന്ന് പറഞ്ഞിട്ടുണ്ട്.”മാമുട്ടി പടി ഇറങ്ങിയതും ബീരാന്‍റെ ഭ്രാന്തമായ കാലുകള്‍ വേലിഇടുക്കുകളിലൂടെ ഒാടി മറഞ്ഞു.കാര്‍ത്തി കോവിലിലേക്ക് നടന്നു. തിരിച്ചുവരുന്ന കാര്‍ത്തി അമീറിനെ ശ്രദ്ധിച്ചു. “ അമീറേ നീ എപ്പോഴെങ്കിലും ചൂടറിഞ്ഞിട്ടുണ്ടോഎന്‍റെ കൂടെ കുളിക്കാന്‍ വാ..”
 
അവനെ പടവുകള്‍ ഇറക്കിച്ചു ജലത്തിന്‍റെ നവ്യതയില്‍
 
മുക്കിച്ചു. “ഇതിലൂടെ ഇറങ്ങിപോയാല്‍ ജലകന്യകയുടെ കൂടാരത്തിലെത്താം..അവിടെ പുരുഷന്‍മാരില്ല.സുന്ദരികളായ കന്യകകള്‍ മാത്രം"ജലഗര്‍ഭത്തിലൊരു സ്ഫോടനം പോലെ അമീറിന്‍റെ ജീവന്‍റെ വീര്‍പ്പുമുട്ടല്‍ . “അങ്ങനെ നല്ല കുട്ടിയായി ഒരു ജലകന്യകയുടെ കൈയ്യും പിടിച്ചു എന്നാണ് അമീര്‍  ഭൂമിയിലേക്ക് കയറി വരിക.”?
മാമുട്ടി ചാരി ഇട്ടിരുന്ന ബംഗ്ളാവിന്‍റെ വാതിലുകള്‍ തുറന്നു.. “ എന്തിനാ എന്നെ വിളിച്ചത്.?” മാമുട്ടിയുടെ തല നാലായി പിളര്‍ന്ന് പൊഴിഞ്ഞു വീണു. ഇരുള്‍ മറഞ്ഞെത്തിയ സെയ്തു മൊല്ലാക്കയും കൂട്ടരും പറന്പിന്‍റെ വക്കുപിടിച്ചു ധൃതിയില്‍ നടന്നു നീങ്ങി. കൊടുവാള്‍, കത്തി എന്നിവ തോണിയില്‍ അടുക്കിയിട്ടു. തോണി അല്‍പം കടലിലേക്ക് കടന്നതും ഉരുക്ക് പോലുള്ള എന്തിലോ തട്ടി തോണി പൊടുന്നനേ പാളി പോയി. സെയ്തു മൊല്ലാക്ക വെള്ളത്തിലേക്ക് കുന്പിട്ട് നോക്കിയപ്പോള്‍ ഒരു ശിരസ്സ് ഉയര്‍ന്നുവന്നു. തുറിച്ച് നോക്കുന്ന ആ സ്ത്രീ രൂപം എവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവരെ വഹിച്ച വള്ളം ചുഴിയിലകപ്പെട്ട പോലെ കറങ്ങിതിരിയുകയാണ്. മാതാവിന്‍റെ മടിയിലേക്ക് വീഴുന്ന കുഞ്ഞുങ്ങളെ പോലെ സെയ്തുമൊല്ലാക്കയും കൂട്ടരും കടലിന്‍റെ താഴ്ചയിലേക്ക് ഉതിര്‍ന്ന് വീണു.
 
ദിവസങ്ങള്‍ക്ക് ശേഷം കടലിലൊരു വഞ്ചി മറിഞ്ഞു. തോണിയും ആശയും നഷ്ടപ്പെട്ട അഞ്ചു മുക്കുവന്‍മാര്‍ കടലില്‍ മുങ്ങിതാഴവേ കൈകാലുകള്‍ക്ക് താഴെ ഒരു ചൂടുള്ള സാധനം. അവര്‍ അതില്‍  അള്ളിപ്പിടിച്ചു കിടന്നു. പൂഴി മണലില്‍ പാദങ്ങളുറച്ച അവര്‍  നോക്കിയപ്പോള്‍ തങ്ങളെ രക്ഷിച്ച സ്ത്രീശരീരം  നഗ്നമായി കിടക്കുന്നു. കാമബാഹ്യമായ മനവും സ്ത്രീശരീരത്തിനുണ്ടെന്ന് അവര്‍ മനസ്സിലാക്കി. കടലോരത്ത് അവര്‍ കബറടക്കി.
 
കനം തൂങ്ങുന്ന ശിരസ്സുമായി അവര്‍  തിരിഞ്ഞു നടന്നു..”അരാ വിളിച്ചത് .?  “ഒരേ സമയം അവര്‍ അഞ്ചുപേരും മടക്കവിളി കേട്ട് നോക്കിയപ്പോള്‍ കബര്‍ കണ്മുന്നില്‍  ഉയര്‍ന്നുവരുന്നു. ചുറ്റും കൂടിയ ആളുകള്‍ ചോദിച്ചു.”നിങ്ങള്‍ പിടിച്ചപ്പോള്‍ ആ സ്ത്രീശരീരം മുങ്ങിയില്ലേ .?””കബറ്ിന്‍റെ ഉള്ളില്‍ നിന്നുതന്നെയല്ലേ ആ ശബ്ദം കേട്ടത് ?”അന്നുമുതല്‍  ആണ്ടോടാണ്ട് മണപ്പുറത്തെ ബീവിക്കുള്ള നേര്‍ച്ച അവര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ നടക്കാന്‍ തുടങ്ങി.
 
"അതായിരുന്നു ആദ്യത്തെ ബീവി" സൂഫി പറഞ്ഞു. ഞാന്‍ ചോദിച്ചു. “അപ്പോഴെന്തിനാ വീണ്ടും ബീവിമാര്‍ ഉണ്ടായത് ?” “മനുഷ്യന് നല്ലവനാകാനുള്ള കഴിവ് വന്നിട്ടില്ല. പക്ഷെ നല്ലവനാകാനുള്ള ആശയുണ്ട് - ആ  ആശയാണ് ഭഗവതിമാരായും ബീവിമാരായും ദേവന്‍മാരായും പുറത്ത് വരുന്നത്.””ഇനി രണ്ടാമത്തെ ബീവിയുടെ കഥ കേള്‍ക്കണ്ടേ ...? “ ഞാന്‍ ചെവിയോര്‍ത്തിരുന്നു....
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ